ചിന്ത
'
Psalms 68:19 "നമ്മുടെ രക്ഷയാകുന്ന ദൈവമായി, നാൾതോറും നമ്മുടെ ഭാരങ്ങളെ 'ചുമക്കുന്ന' കർത്താവു വാഴ്ത്തപ്പെടുമാറാകട്ടെ!"
പ്രിയരേ, ഭാരങ്ങളെ 'ചുമക്കുന്ന' ഒരു കർത്താവിനെക്കുറിച്ചു മുകളിൽ പറഞ്ഞിരിക്കുന്ന വചനത്തിൽ പറയുന്നു. നമ്മിൽ ആരെങ്കിലും വഹിക്കുവാൻ കഴിയാത്ത തരത്തിൽ ഭാരവുമായി നടക്കുന്നവരാണോ? എങ്കിൽ നമുക്ക് ചുമക്കുന്ന ഒരു 'ചുമടു താങ്ങി 'യായ കർത്താവുണ്ട്. നമ്മുടെ ചുമട് അഥവാ ഭാരത്തെ ചുമക്കുവാൻ അവിടുന്ന് മതിയായവനാണ്.
അതുകൊണ്ട് വചനത്തിൽ കൂടെ കർത്താവ് നമ്മോട് ആഹ്വനം ചെയ്യുന്നത് Matthew 11:28 "അദ്ധ്വാനിക്കുന്നവരും ഭാരം 'ചുമക്കുന്നവരും' ആയുള്ളോരേ, എല്ലാവരും എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും." ഈ ലോക ജീവിതത്തിൽ ജീവിക്കുമ്പോൾ പലവിധമായ ഭാരങ്ങൾ നമ്മുക്ക് ഉണ്ട്, പ്രത്യേകിച്ചും ഈ വർത്തമാന കാലത്തിൽ നാം അങ്ങനെയുള്ള പ്രയാസങ്ങളുടെയും ഭാരങ്ങളുടെയും നടുവിലാണ്. ഈ തിരക്കേറിയ ജീവിതത്തിൽ ആർക്കും തന്നെ അധികമായി മറ്റുള്ളവരുടെ ഭാരങ്ങളെ അറിയുവാനോ ആശ്വസിപ്പിക്കുവാനോ കഴിയുന്നതല്ല. അപ്പോൾ നമുക്ക് ഈ ഭാരങ്ങളെ ഒന്ന് ഇറക്കിവയ്ക്കുവാൻ ഒരു ഇടം ആവശ്യമാണ്. അതാണ് നമ്മുടെ കർത്താവായ യേശുക്രിസ്തു. അവിടുന്ന് നമ്മുടെ ഭാരങ്ങളെ നമുക്കായ് ചുമന്ന് നമ്മെ ആശ്വസിപ്പിക്കുന്നവനാണ്.
അതുപോലെ മറ്റൊരു വസ്തുത ഇവിടെ കാണുന്നത്, ആ ഭാരം അഥവാ ചുമട് ഒരു ദിവസത്തേക്ക് മാത്രം വഹിക്കാം എന്നല്ല പറഞ്ഞിരിക്കുന്നത് ' നാൾതോറും' അതായത് ദിവസംതോറും. ഇങ്ങനെ ദിനംതോറും നമുക്ക് സഹായിപ്പാൻ മറ്റ് ആരെയെങ്കിലും ഈ തിരക്കേറിയ ജീവിതത്തിൽ ലഭിക്കുമോ?. നമ്മുടെ കർത്താവ് ദിവസംതോറും നമ്മുടെ ഭാരം ചുമക്കാൻ തയ്യാറായി നിൽക്കുകയാണ്, നാം ദിനംതോറും ആ കർത്താവിന്റെ കരങ്ങളിലേക്ക് നമ്മുടെ ഹൃദയ ഭാരത്തെ ഇറക്കി വച്ചാൽ മാത്രം മതി. അല്ല എങ്കിൽ ആ ഭാരം നമ്മിൽ പലവിധ പ്രയാസങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുണ്ട്. ഒരു waste bin ദിനം തോറും empty ചെയ്യാതിരുന്നാൽ അതിൽ നിന്ന് ദുർഗന്ധം വമിക്കും, അതുപോലെ നമ്മുടെ ഹൃദയ ഭാരത്തെ ഇറക്കി വയ്ക്കാതിരുന്നാൽ അത് നമ്മിൽ പല ശാരീരിക മാനസിക പ്രയാസങ്ങൾ ഉളവാക്കും എന്നത് ഒരു യാഥാർഥ്യമാണ്. ഈ അവസരത്തിൽ നമ്മുടെ ഈ 'ചുമട് താങ്ങി' യുടെ സാന്നിധ്യം നമ്മുക്ക് എത്രയോ ആശ്വാസം തരുന്ന ഒന്നാണ്. എങ്കിൽ എന്തുകൊണ്ട് ഇങ്ങനെ ഒരു ' ചുമട് താങ്ങി' യെ നമ്മുടെ ജീവിതത്തിലേക്ക് ക്ഷണിച്ചു കൂടാ! നമ്മുടെ എല്ലാ ഭാരങ്ങളെയും ചുമക്കാൻ കഴിയുന്ന ചുമടു താങ്ങിയായ ഈ കർത്താവിനെ നമ്മുടെ ജീവിതത്തിലേക്ക് ക്ഷണിക്കാം! ഈ കർത്താവിനായി നമ്മുടെ ജീവിതത്തെ സമർപ്പിക്കാം! അതിനായി കർത്താവ് നമ്മെ സഹായിക്കട്ടെ!
ഈ കർത്താവിനെ രക്ഷകനായി സ്വികരിക്കാത്ത ആരെങ്കിലും ഇത് വായിക്കുന്നുണ്ടെങ്കിൽ ഇന്ന് തന്നെ ഒരു തീരുമാനം എടുക്കാം, ഈ കർത്താവിനെ സ്വികരിച്ചു അവിടുത്തെ മകനായി, മകളായി തീരാം, അതിനായി ദൈവം നിങ്ങളെ സഹായിക്കട്ടെ! കർത്താവിന്റെ വിലയേറിയ നാമം എന്നും എന്നേക്കും വാഴ്ത്തപ്പെടുമാറാകട്ടെ!
ആമേൻ !
Kommentarer