പ്രോത്സാഹന ചിന്തകൾ ⭐നിങ്ങളുടെ ജീവിതം ദൈവത്തെ പ്രതിഫലിപ്പിക്കുന്നതാണോ?
- kvnaveen834
- Jul 15, 2023
- 2 min read
💟 പുറപ്പാട് 34: 28, 29
vs 28: അവൻ അവിടെ ഭക്ഷണം കഴിക്കാതെയും വെള്ളം കുടിക്കാതെയും നാല്പതു പകലും നാല്പതു രാവും യഹോവയോട് കൂടെ ആയിരുന്നു. അവൻ പത്തു കൽപ്പനയായ നിയമത്തിന്റെ വചനങ്ങളെ പലകയിൽ എഴുതി കൊടുത്തു.
vs 29: അവൻ തന്നോട് അരുളി ചെയ്തത് നിമിത്തം തന്റെ മുഖത്തിന്റെ ത്വക്ക് പ്രകാശിച്ചു എന്ന് മോശെ സാക്ഷ്യത്തിന്റെ പലക രണ്ടും കയ്യിൽ പിടിച്ചുകൊണ്ട് സീനായി പർവതത്തിൽ നിന്ന് ഇറങ്ങുമ്പോൾ അറിഞ്ഞില്ല.
'മുല്ലപ്പൂമ്പൊടി ഏറ്റു കിടക്കും കല്ലിനുമുണ്ടാം സൗരഭ്യം' എന്നൊരു പഴഞ്ചൊല്ലുണ്ട്. അതുപോലെ തന്നെയുള്ള മറ്റൊന്നാണ് 'നിങ്ങളുടെ സുഹൃത്ത് ആരെന്ന് കാണിക്കൂ, ഞാൻ പറയാം നിങ്ങൾ ആരെന്ന്' എന്നുള്ളത്. ഈ പഴഞ്ചൊല്ലുകളിൽ ഒരു സുപ്രധാന സത്യം അടങ്ങിയിട്ടുണ്ട്. അതെന്തന്നാൽ എത്രയും കൂടുതൽ സമയം നാം ഒരാളുമായി ചിലവഴിക്കുന്നുവോ അത്രയോ അധികം അവരുടെ സ്വഭാവത്തോടും ചിന്തകളോടും സവിശേഷതകളോടും നാം ഏകീകരിക്കപ്പെടുന്നു. നമ്മുടെ ആശയവിനിമയവും, ശൈലിയും, മുൻഗണനകളും, എന്തിനേറെ പറയുന്നു ചിന്താശേഷി പോലും നമ്മുടെ ചുറ്റുമുള്ളവരാൽ സ്വാധീനിക്കപ്പെടുന്നു.
മോശെയുടെ മുഖത്തുനിന്ന് ഉജ്ജ്വലമായ തിളക്കം പുറപ്പെടുവിക്കപ്പെട്ടു. ഇതെങ്ങനെ സംഭവിച്ചു? അതിനുള്ള ഉത്തരം കിടക്കുന്നത് ദൈവവുമായുള്ള മോശയുടെ നാല്പതു ദിവസത്തെ അഭിമുഖത്തിലാണ്. സൂര്യകിരണങ്ങളെ ചന്ദ്രൻ ഏത് വിധം പ്രതിഫലിപ്പിക്കുന്നുവോ, അതേ വിധം മോശെ ദൈവമഹത്വത്തിന്റെ പ്രതിഫലനമായി.
ഒരു നിമിഷം നമുക്ക് നമ്മിൽ തന്നെ ഒരു ആത്മപരിശോധന നടത്താം. നാം ആരോടൊപ്പമാണ് സമയം ചിലവഴിക്കുന്നത്? എങ്ങനെ ചിലവഴിക്കുന്നു? ഈ ഘടകങ്ങൾ നാം ആരെന്ന് തീരുമാനിക്കുന്നതിന് നിർണായകമാണ്. ദൈവത്തിനായി നമ്മുടെ സമയം കൂടുതൽ സമർപ്പിക്കുമ്പോൾ, ആത്മീക ശുശ്രൂഷകളിലും ദൈവവചനത്തിലും നമ്മെ തന്നെ നിമജ്ജനം ചെയ്യുമ്പോൾ സ്വാഭാവികമായും നമ്മുടെ വാക്കുകളും പ്രവർത്തികളും ദൈവേഷ്ടത്തിന് അനുസൃതമാകുന്നു. മോശെ തന്നിലെ പ്രകാശത്തെക്കുറിച്ച് അജ്ഞനായിരുന്നതുപോലെ നാമ്മും ചിലപ്പോൾ നമ്മിൽ വന്ന മാറ്റത്തെ മനസ്സിലാക്കാൻ ഇടയില്ല. എന്നാൽ, ഈ ലോകം തീർച്ചയായും നമ്മുടെ ഉള്ളിൽ വന്ന വ്യതിയാനത്തെ നിരീക്ഷിച്ചിരിക്കും.
നിരുപാധികമായി നമ്മെ സ്നേഹിക്കുന്ന സർവ്വശക്തനുമായുള്ള ബന്ധത്തിന് മുൻഗണന കൊടുക്കുവാൻ ദൈവം നമ്മെ ഓരോരുത്തരെയും സഹായിക്കട്ടെ. ദൈവം തന്റെ ഏക പുത്രനെ ക്രൂശിക്കപ്പെടുവാൻ ഈ ലോകത്തിലേക്ക് അയച്ചതിലൂടെ അവിടുന്നിന്റെ നമ്മോടുള്ള സ്നേഹത്തെ പ്രദർശിപ്പിച്ചിരിക്കുന്നു.
അവിടുന്ന് നമുക്കായി ആകാംക്ഷയോടെ കാത്തിരിക്കുന്നു. താങ്കളുടെ ഹൃദയം ഈ ദൈവത്തിനായി സമർപ്പിക്കുവാൻ ഒരുക്കമാണോ? ആണെങ്കിൽ, നിങ്ങളുടെ പാപങ്ങളെ ഏറ്റുപറയുകയും യേശുക്രിസ്തു നിങ്ങൾക്കായി മരിച്ച് ഉയർത്തെഴുന്നേറ്റു എന്ന് ഹൃദയത്തിൽ വിശ്വസിക്കുകയും യേശുവിനെ രക്ഷിതാവായി സ്വീകരിക്കുകയും ചെയ്യുക. ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങൾ രക്ഷിക്കപ്പെടും.
🌀 ഒരു സംക്ഷിപ്ത വീക്ഷണം:
💠 സുഹൃത്തുക്കളെ വിവേകപൂർവ്വം തിരഞ്ഞെടുക്കുക. കാരണം, അവർ നിങ്ങളിൽ ചെലുത്തുന്ന സ്വാധീനം നിർണായകമാണ്.
💠 ദൈവവുമായി സമയം ചെലവഴിക്കുന്നതിന് ബോധപൂർവ്വം മുൻകൈ എടുക്കുകയും, അവിടുന്നിന്റെ സവിശേഷതകളെ നിങ്ങളുടെ ജീവിതത്തെയും പ്രവർത്തികളെയും രൂപപ്പെടുത്തുന്നതിന് അനുവദിക്കുകയും ചെയ്യുക.
📖 ഈ ദിനത്തെ വേദഭാഗം:
🩵 സങ്കീർത്തനങ്ങൾ 1:1-2
vs 1: ദുഷ്ടന്മാരുടെ ആലോചനപ്രകാരം നടക്കാതെയും പാപികളുടെ വഴിയിൽ നിൽക്കാതെയും പരിഹാസികളുടെ ഇരിപ്പിടത്തിൽ ഇരിക്കാതെയും
vs 2: യഹോവയുടെ ന്യായപ്രമാണത്തിൽ സന്തോഷിച്ച് അവന്റെ ന്യായപ്രമാണത്തെ രാപ്പകൽ ധ്യാനിക്കുന്നവൻ ഭാഗ്യവാൻ.
🩵 II കൊരിന്ത്യർ 3: 18
എന്നാൽ മൂട്പടം നീങ്ങിയ മുഖത്ത് കർത്താവിന്റെ തേജസിനെ കണ്ണാടി പോലെ പ്രതിബിംബിക്കുന്നവരായി നാം എല്ലാവരും ആത്മാവാകുന്ന കർത്താവിന്റെ ദാനമായി തേജസ്സിന്മേൽ തേജസ് പ്രാപിച്ച് അതേ പ്രതിമയായി രൂപാന്തരപ്പെടുന്നു.
🙏🏻നന്ദി 🙏🏻
AUTHOR-✍✍✍✍✍✍✍✍✍✍
Sister Shincy susan
Translation by-Sis Acsah Nelson
Comments