നാം ഈ ലോകത്ത് ജീവിക്കുന്നത് തന്നെ വിശ്വാസത്തിന്റെ പുറത്താണ്. അടുത്ത നിമിഷം എന്താണെന്നറിയാതെ നാം എന്തിനേയോ എന്തൊക്കെയോ വിശ്വസിച്ച് ജീവിക്കുന്നു.
അദൃശ്യമായ അല്ലെകിൽ തെളിവുകൾ ആവശ്യമില്ലാത്ത എന്തിനെയെങ്കിലും അല്ലെങ്കിൽ മറ്റൊരാളെ ആശ്രയിക്കുന്നതാണ് വിശ്വാസം
ഈ ലോകത്ത് നാം ജീവിക്കുന്നതും കേവലം അത്തരത്തിലുള്ള ഒരു ആശ്രയം വെച്ചിട്ട് തന്നെയാണ്.
ആത്മീക കാര്യത്തിലും , ഇതു വരെ ദൃശ്യമല്ലാത്ത /കാണാത്ത കാര്യങ്ങലിൽ വിശ്വസികുന്നതും ഭാവിയെ കറിച്ചുള്ള ദൈവത്തിന്റെ വാഗ്ദാനങ്ങളിൽ ആശ്രയിക്കുന്നതുമാണ്.
എബ്രായർ11:1 ൽ നാം ഇങ്ങനെ വായിക്കുന്നു" വിശ്വാസം എന്നതോ ആശിക്കുന്നതിന്റെ ഉറപ്പും കാണാത്ത കാര്യങ്ങളുടെ നിശ്ചയവും ആകുന്നു".
യുവതലമുറയെ സംബന്ധിച്ചിടത്തോളം ഈ വാക്യം വിശ്വാസത്തിന്റെ വിലയെക്കുറിച്ച് സ്പഷ്ടത നൽകുന്നതാണ്. ഇന്നത്തെ തലമുറയ്ക്ക് ദൃശ്യമായതിനെ വിശ്വസിക്കാൻ മാത്രമേ അറിയൂ.
പെട്ടെന്നുള്ള ഫലങ്ങൾ കാണാനോ, പൂർണ്ണമായ ചിത്രം മനസ്സിലാക്കാനോ കഴിയാത്തപ്പോൾ പോലും ദൈവത്തിന്റെ വാഗ്ദാനങ്ങളിൽ വിശ്വസിക്കാൻ അത് അവരെ വെല്ലുവിളിക്കുന്നു.
ഒരു വിത്ത് നടുന്നത് സങ്കല്പിക്കുക. മണ്ണിനടിയിൽ എന്താണ് സംഭവിക്കുന്നത് എന്ന് നമുക്ക് കാണുവാൻ കഴിയില്ല. എങ്കിലും കാലക്രമേണ അത് ഒരു ചെടിയായി വരുമെന്ന് നാം വിശ്വസിക്കുന്നു. അതെ വിശ്വാസം ഇതെ വിധത്തിലാണ് പ്രവർത്തിക്കുന്നത്. നമുക്ക് ഇതുവരെ പൂർണ്ണമായ ചിത്രം കാണാൻ കഴിയുന്നില്ലെങ്കിലും, ദൈവം പ്രവർത്തിക്കുന്നു എന്ന ആത്മവിശ്വാസമാണ് നമ്മെ മുന്നോട്ട് നയിക്കുന്നത്. കാരണം ദൈവത്തിന്റെ കൃപയിലും,കർത്താവ് ചെയ്യുമെന്ന് പറയുന്ന കാര്യങ്ങൾ ചെയ്യാനുള്ള അവന്റെ കഴിവിലും നാം ഉറച്ച് വിശ്വസിക്കുന്നു.
സങ്കീർത്തനം 118:8-9 ൽ ഇങ്ങനെ കാണുന്നു" മനുഷ്യനിൽ ആശ്രയിക്കുന്നതിനേക്കാൾ യഹോവയിൽ ആശ്രയിക്കുന്നത് നല്ലത്; പ്രഭുക്കന്മാരിൽ ആശ്രയിക്കുന്നതിനേക്കാൾ യഹോവയിൽ ആശ്രയിക്കുന്നത് നല്ലതു".
മറ്റെന്തിൽ ആശ്രയിക്കുന്നതിനേക്കാളും യഹോവയിൽ ആശ്രയിച്ച് വിശ്വസിക്കുക.
ഒരു പക്ഷെ നമ്മൾ ആഗ്രഹിക്കുന്നതുപോലെ ഒന്നും നമുക്ക് ലഭിക്കില്ലായിരിക്കും. പക്ഷ കർത്താവിൽ ആശ്രയിച്ച് വിശ്വസിച്ചാൽ, നാം ആഗ്രഹിച്ചതിനും അപ്പുറമായി ദൈവം നമുക്ക് തരും. ദൈവത്തിന്റെ ശക്തി മനുഷ്യന്റെ പരിമിതികൾക്കപ്പുറമാണ്. പല കാര്യങ്ങളിലും വിഷമകരമായി / നിരാശാജനകമായി തോന്നിയാലും, അത് സാധ്യമാക്കാൻ ദൈവത്തിലുള്ള വിശ്വാസത്തിന് കഴിയുമെന്ന് ഓർക്കുക.
വിശ്വാസികളുടെ പിതാവായ അബ്രഹാമിനെ കുറിച്ച് "അബ്രഹാം ദൈവത്തിൽ വിശ്വസിച്ചു അത് അവന് നീതിയായി കണക്കിട്ടു."[ റോമ:4:3] മാനുഷികതലത്തിൽ അബ്രഹാമിനും സാറാക്കും പ്രതീക്ഷ നഷ്ടപ്പെട്ട സ്ഥാനത്താണ് മാനുഷിക പരിമിതികൾക്കപ്പുറം ദൈവീക വാഗ്ദത്തങ്ങൾ ഉണ്ടാകുന്നത്. അവൻ ആശയ്ക്ക് വിരോധമായി ആശയോടെ വിശ്വസിച്ചു. അവർ ഏകദേശം നൂറ് വയസ്സുള്ളവർ ആകയാൽ തന്റെ ശരീരം നിർജീവമായി പോയതും സാറയുടെ ഗർഭപാത്രത്തിന്റ നിർജീവത്വം ഗ്രഹിച്ചിട്ടും വിശ്വാസത്തിൽ ക്ഷീണിച്ചില്ല. അവർ ദൈവത്തിന്റെ വാഗ്ദത്തങ്ങളിൽ സംശയിക്കാതെ വിശ്വാസത്താൽ ശക്തിപ്പെട്ട് ദൈവത്തിന് മഹത്വം കൊടുത്തു.
യോഹ: 20:29 ൽ" കാണാതെ വിശ്വസിച്ചവർ ഭാഗ്യവാന്മാർ". പുനരുത്ഥാന ശേഷം കർത്താവിനെ കണ്ട്, സംശയിച്ച തോമസിനോട് കർത്താവ് പറഞ്ഞ വാക്കുകളാണിവ.
ഒന്നാലോചിച്ചാൽ, ആദ്യ തലമുറയെക്കാൾ എത്രയോ ഭാഗ്യവാന്മാരാണ് നമ്മൾ . ആന്തരിക കണ്ണുകൊണ്ട് കർത്താവിനെ കാണുന്നത് എത്ര ഭാഗ്യം!!
ലൂക്കോസ് 18:27 ൽ "മനുഷ്യരാൽ അസാധ്യമായത് ദൈവത്താൽ സാധ്യമാകുന്നു" എന്ന് നാം വായിക്കുന്നു. ദൈവം ഉൾപ്പെട്ടിരിക്കുമ്പോൾ ഒരു തടസ്സമോ , പോരാട്ടമോ , സ്വപ്നമോ വലുതല്ല. അനേകർ സമ്മർദ്ദവും സ്വയം സംശയവും നേരിടുന്ന ഈ ലോകത്ത് ,ഈ വചനം ദൈവത്തിൽ വിശ്വസിക്കാൻ ഓർമ്മിപ്പിയ്ക്കുന്നു. അവന്റെ ശക്തിക്ക് അസാധ്യതകളെ സാധ്യതകളാക്കി മാറ്റാൻ കഴിയും. മനുഷ്യന്റെ കഴിവുകളാലോ , സാഹചര്യങ്ങളാലോ പരിമിതപ്പെടുത്തുന്നതിന് പകരം കർത്താവിൽ ആശ്രയിക്കുക. ദൈവത്തിൽ ഉറച്ച് വിശ്വസിച്ച് ഓരോ ദിവസവും മുന്നോട്ടുപോകുവാൻ ദൈവം നമ്മെ ബലപ്പെടുത്തട്ടെ.
ശിഷ്യന്മാർ കർത്താവിനോട് പ്രാർത്ഥിച്ചത് പോലെ" ഞങ്ങളുടെ വിശ്വാസം വർദ്ധിപ്പിച്ചു തരേണമെന്ന്" നമുക്കും പ്രാർത്ഥിക്കാം.
ദൈവ നാമം വാഴ്ത്തപ്പെടുമാറാകട്ടെ!
Writer---Sis Chrstina shaji Dubai
Type & Edit -- Sis Seeja Sudheesh
Mission sagacity Volunteers
Comments