top of page

MS VOLUNTEER

Public·10 volunteers

Missionary story

*ജോർജ് മുള്ളർ : പ്രാർത്ഥനയാൽ തുറക്കപ്പെടുന്ന അത്ഭുതങ്ങളെ ലോകത്തിനു മുൻപിൽ പ്രദർശിപ്പിച്ച മിഷനറി*


ജന ജീവിതങ്ങൾക്ക് ഇന്നും ആവേശവും അതിശയവും പ്രദാനം ചെയ്യുന്ന ഒരു ജീവിതമായിരുന്നു മിഷണറി ജോർജ് മുള്ളറുടേത് . കള്ളൻ, നുണയൻ, കുടിയൻ എന്നിങ്ങനെ മുദ്രകുത്തപ്പെട്ടിരുന്ന ആൺകുട്ടി, പിന്നീട് ദൈവത്തിനും മനുഷ്യർക്കും കൊള്ളാവുന്നവനായി വിളങ്ങിയ മാർഗ്ഗരേഖ വളരെയധികം ഹരം കൊള്ളിക്കുന്നതാണ് . ആത്മാർത്ഥമായ പ്രാർത്ഥനയിലൂടെയും അചഞ്ചലമായ വിശ്വാസത്തിലൂടെയും എത്ര ഉയർന്ന കൊടുമുടിയെയും തരണം ചെയ്യാം എന്നതിന്റെ ഉത്തമ ഉദാഹരണമാണ് മുള്ളറുടെ ജീവിതം. എപ്പോഴും 'ദൈവത്തിന്റെ ഒരു എളിയ ദാസൻ' എന്നറിയപ്പെടാൻ ആഗ്രഹിച്ചിരുന്ന ഒരു വ്യക്തിയായിരുന്നു അദ്ദേഹം.


ഈ വലിയ മിഷനറിയുടെ ജീവിത യാത്രയിലൂടെ നമുക്കൊന്ന് കണ്ണോടിക്കാം .


1805 സെപ്റ്റംബർ 27-ാം തീയതി ജർമ്മനിയിലാണ് ജോർജ് മുള്ളർ ജനിക്കുന്നത് . വളരെ ചെറിയ പ്രായത്തിൽ തന്നെ മോഷ്ടിക്കുവാനും, മദ്യപാനത്തിലും ചൂതാട്ടത്തിലും ഏർപ്പെടുവാനും തുടങ്ങി. മുള്ളറുടെ പതിനാലാം വയസ്സിൽ തനിക്ക് തന്റെ മാതാവിനെ നഷ്ടമായി. പക്ഷേ മുള്ളർ പിന്നീട് ദൈവശാസ്ത്ര പഠനത്തിൽ ഏർപ്പെടുവാൻ ഇടയായി തീർന്നു(1805). ഒരു ജോലി ലഭിക്കുന്നതിന് വേണ്ടിയായിരുന്നു ഇത്. ആ സമയത്ത് മുള്ളർ ഒരു ഭവനത്തിൽ നടക്കുന്ന ദൈവവചന പഠനത്തിന് ക്ഷണിക്കപ്പെട്ടു. ദൈവസ്നേഹത്തെക്കുറിച്ച് പ്രതിപാദിക്കുന്ന, യോഹന്നാൻ 3:16 നെ അടിസ്ഥാനമാക്കിയുള്ള ദൈവവചനം, മുള്ളറിനെ അതിയായി സ്പർശിച്ചു . 1826ൽ, മുള്ളർ ഒരു മിഷണറി ആകുവാൻ തീരുമാനമെടുത്തു.


ദൈവവചന പഠനം പൂർത്തിയാക്കിയതിനു ശേഷം മുള്ളർ ഇംഗ്ലണ്ടിലെ ബ്രിസ്റ്റോളിലേക്ക് പുറപ്പെട്ടു. അവിടെവെച്ച് മേരി എന്ന വനിതയെ കണ്ടുമുട്ടുകയും തുടർന്ന് ഇരുവരും വിവാഹിതരാവുകയും ചെയ്തു. ആ സമയങ്ങളിൽ ബ്രിസ്റ്റോളിന്റെ തെരുവുകളിലൂടെ അനേകം അനാഥ ബാല്യങ്ങൾ ജീവിച്ചിരുന്നു. ഒരു നേരത്തെ ആഹാരം പോലും ലഭിക്കാതെ, മുഴുപ്പട്ടിണിയിൽ ആയിരിക്കുന്ന ആ ബാല്യങ്ങൾ മോഷ്ടിക്കുകയും മറ്റുള്ളവരുടെ ആഹാരസാധനങ്ങൾ തട്ടിയെടുക്കുകയും ചെയ്യുന്നത് പതിവായിരുന്നു. ആരുടെയും ദയയ്ക്ക് പാത്രീഭൂതരാകാതെ കൊടും തണുപ്പുള്ള സമയങ്ങളിലും അവർ തെരുവുകളിൽ അന്തിയുറങ്ങുമായിരുന്നു . ഈ കുഞ്ഞുങ്ങളെ ശ്രദ്ധിച്ച മുള്ളർ അവർക്ക് വേണ്ടി ഒരു അനാഥാലയം നിർമ്മിക്കുക എന്ന ആഗ്രഹത്താൽ വലയപ്പെട്ടു . അദ്ദേഹം ഇപ്രകാരം പറഞ്ഞു:" ഈ കുട്ടികളുടെ പഴയകാല ജീവിതത്തെ വകവയ്ക്കാതെ ഞാൻ ഇവരെ സംരക്ഷിക്കും ". അദ്ദേഹം ദൈവത്തിൽ കൂടുതലായി ആശ്രയിച്ചു, മാത്രമല്ല ഉറച്ച ഒരു തീരുമാനമെടുത്തു, ഈ അനാഥാലയത്തിന്റെ സുഗമമായ നടത്തിപ്പിനായി മനുഷ്യരുടെ മുമ്പിൽ കൈനീട്ടില്ലെന്ന്.. കാരണം, മനസ്സിൽ തീരുമാനത്തെ നൽകിയ ദൈവം ആ തീരുമാനം നിറവേറ്റുവാൻ അത്ഭുതകരമായി പ്രവർത്തിക്കുമെന്ന് അദ്ദേഹത്തിന് ഉറപ്പായിരുന്നു . അനാഥാലയത്തിന്റെ നടത്തിപ്പിനോടുള്ള ബന്ധത്തിൽ ദൈവം പ്രവർത്തിച്ച വഴികൾ വളരെ ആവേശാജനകമാണ് . ഒരു സംഭവം ഇങ്ങനെ..... ആഹാരസാധനങ്ങളെല്ലാം തീർന്ന ഒരു ദിവസം...വിശപ്പടക്കാനായി ഒന്നുമില്ല. എന്നാൽ പ്രാർത്ഥന വീരനായ മുള്ളർ ദൈവസന്നിധിയിൽ തന്റെ മുട്ടുകളെ മടക്കി, ദൈവത്തെ സ്തുതിച്ചുകൊണ്ട് ഇങ്ങനെ പ്രാർത്ഥിച്ചു..'ദൈവമേ എനിക്കും എന്റെ കുഞ്ഞുങ്ങൾക്കും ആഹാരം നൽകിയതിനായി അങ്ങയെ വാഴ്ത്തുന്നു'. പാകം ചെയ്യുവാനോ കഴിക്കുവാനോ ഒരു തരി ഭക്ഷണം പോലും ഇല്ലാതിരിക്കെ അദ്ദേഹം തന്റെ പ്രാർത്ഥന തുടർന്നുകൊണ്ടിരുന്നു . ഈ സംഭവത്തെക്കുറിച്ച് ഒന്നും അറിയാത്ത കുട്ടികൾ, തങ്ങളുടെ പ്രഭാത ഭക്ഷണത്തിനായി അണിനിരന്നു. മുള്ളർ തന്റെ പ്രാർത്ഥന തുടർന്നുകൊണ്ടിരിക്കെ പെട്ടെന്ന് വാതിൽക്കൽ ഒരു ശബ്ദം കേട്ടു. അതെ! ദൈവം തന്റെ മക്കൾക്കായി കരുതുന്ന വിധങ്ങളുടെ അത്ഭുതകരമായ ഒരു ആവിഷ്കാരമായിരുന്നു മുന്നിൽ. വാതിൽക്കൽ മുട്ടിയത് ഒരു ബേക്കറി ഉടമയായിരുന്നു. അദ്ദേഹം വന്നതാകട്ടെ, കുട്ടികൾക്കായുള്ള പാലും ഭക്ഷണപദാർത്ഥങ്ങളുമായി . അമ്പരിപ്പിക്കുന്ന രീതിയിൽ തന്നെ ദൈവം മുള്ളരുടെ പ്രാർത്ഥനയ്ക്ക് ഉത്തരം അരുളി . ഇതുപോലെയുള്ള ദൈവീക കരുതലുകളുടെ അനേകം ഉദാഹരണങ്ങൾ മുള്ളരുടെ ജീവിതത്തിൽ നിന്നും ചീന്തിയെടുക്കുവാൻ സാധിക്കും.


ദൈവം പിന്നീട് മുള്ളറുടെ ഹൃദയത്തിൽ ഇനിയും അനാഥാലയങ്ങൾ പണിയുവാനുള്ള പ്രേരണ നൽകി. പ്രവർത്തനങ്ങളുടെ മധ്യേയുള്ള കഠിനമായ സാമ്പത്തിക പ്രതിസന്ധികളുടെ മുന്നിലും അദ്ദേഹം ദൈവത്തിനു മുന്നിൽ മുട്ടുമടക്കുകയും ഉത്തരം പ്രാപിക്കുകയും ചെയ്തു. ഏകദേശം ആയിരത്തോളം കുഞ്ഞുങ്ങൾക്ക് മുള്ളർ അഭയം നൽകി .


ഈ ലോക ജീവിതയാത്രയിൽ നമുക്ക് നേരിടുന്ന പ്രതികൂലങ്ങളെയും ഭാരങ്ങളെയും പ്രാർത്ഥനയാലും ദൈവത്തിലുള്ള വിശ്വാസത്താലും അതിജീവിച്ച് മുന്നേറുവാൻ ജോർജ് മുള്ളറുടെ ജീവിതം നമ്മുടെ മുന്നിൽ എന്നും ഒരു തുറന്ന പുസ്തകമാണ് .

About

This group is for registered volunteers of mission sagacity....

bottom of page