❤️ഗഹനാതീതമായ സ്നേഹം ❤️
റോമർ 8:32
സ്വന്ത പുത്രനെ ആദരിക്കാതെ നമുക്ക് എല്ലാവർക്കും വേണ്ടി ഏൽപ്പിച്ചു തന്നവൻ അവനോടുകൂടെ സകലവും നമുക്ക് നൽകാതിരിക്കുമോ?
ഈ വാക്യത്തെ കൂടുതൽ മനസ്സിലാക്കുംതോറും ഒരു ചോദ്യം എന്നെ വല്ലാതെ മതിച്ചുകൊണ്ടിരുന്നു. പ്രിയ പിതാവേ, സ്വന്തം പുത്രനെ ത്യജിച്ച് ഈ ഏഴയെ വീണ്ടെടുക്കാൻ അങ്ങയെ പ്രേരിപ്പിച്ചത് എന്തായിരുന്നു? അതെ... വ്യക്തമായ ഉത്തരമില്ലാത്ത, കൃത്യമായ കാരണത്തെ നൽകാൻ കഴിയാത്ത ഒരു ചോദ്യം. നമ്മുടെ നിലനിൽപ്പിനെ ഗൗനിക്കപ്പോലും ചെയ്യാത്ത ഒരു വ്യക്തിക്ക് വേണ്ടി നമ്മുടെ ഹൃദയത്തോട് വളരെയധികം ചേർന്ന് നിൽക്കുന്ന ഒരു വ്യക്തിയെ വിട്ടുകൊടുക്കുന്നതിനെപ്പ റ്റി ചിന്തിക്കാൻ പോലും നമുക്ക് കഴിയുമോ? ആ ചോദ്യത്തിനുള്ള എന്റെ ഉത്തരം ഇല്ല എന്നുതന്നെയാണ്.
ഒരു യുഗാന്ത്യത്തോളം ജീവിച്ചിരുന്നാലും നമുക്ക് മനസ്സിലാക്കാൻ കഴിയാത്ത സ്നേഹത്താൽ നമ്മുടെ പ്രിയ പിതാവ് നമ്മെ സ്നേഹിച്ചു. നമ്മുടെ ഇന്ദ്രിയങ്ങളുടെ പരിമിതികളെ മറികടക്കുന്ന, നമ്മുടെ ധാരണകൾക്ക് അതീതമായ ഒരു സ്നേഹം. അവിടുന്ന് നമ്മെക്കുറിച്ച് ഓർത്തപ്പോൾ സ്വന്തം പുത്രനെപ്പറ്റിയുള്ള കരുതലുകൾ തികച്ചും അപ്രധാനമാകുന്ന ഒരു അവസ്ഥയിലേക്ക് താണു ചിന്തിക്കുവാൻ ഇടയായിത്തീർന്നു. ആർക്കുവേണ്ടിയാണ് അത് ചെയ്തത്? ഈ അരിഷ്ടരായ നമുക്ക് വേണ്ടിയോ? പ്രിയ പിതാവേ, ആ ത്യാഗം അല്ലേ അങ്ങയുടെ സ്നേഹത്തിനെ അത്രയേറെ ഉന്നതവും ശ്രേഷ്ഠവും അവർണ്ണനീയവും ആക്കുന്നത്......?
പ്രിയ സഹോദരങ്ങളെ,
നാം സ്നേഹിക്കപ്പെടുന്നത് അങ്ങേയറ്റത്തോളം ചെന്ന് നമ്മെ തന്റെ സ്വന്തമാക്കിയ പിതാവിനാലാണ്. പിന്നെ വ്യാകുലരാകേണ്ട ആവശ്യം എന്താണ്? പരിധികൾ ഇല്ലാത്ത വ്യാപ്തിയാൽ നമ്മെ സ്നേഹിക്കുന്ന പിതാവ് നമ്മോടുകൂടെ എപ്പോഴും ഉണ്ടായിരിക്കും.
അതിനാൽ പ്രതീക്ഷകൾ നഷ്ടപ്പെടുത്തി നിരാശരാകേണ്ട കാര്യമില്ല. നമ്മുടെ സ്വർഗ്ഗീയ പിതാവിന്റെ സ്നേഹത്തിന്റെ ആഴം മനസ്സിലാക്കി എല്ലാ കാര്യങ്ങളും അവിടുന്നിന്റെ കരങ്ങളിൽ ഭരമേൽപ്പിക്കുക. അവിടുന്നിന്റെ ഹിതം അനുസരിച്ച് പ്രാർത്ഥിക്കുകയും ജീവിക്കുകയും ചെയ്യുക. അവിടുന്ന് നമ്മെ വഴി നടത്തും, തീർച്ച.
🙏🙏 ദൈവത്തിന് സ്തോത്രം 🙏🙏