Encouraging Thoughts
- kvnaveen834
- Jun 3
- 2 min read
പരീക്ഷ സഹിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ !!
ജീവിതത്തിൽ പ്രതികൂലങ്ങളും, പ്രതിസന്ധികളും ഇല്ലാത്ത ആരുമില്ല. പ്രലോഭനങ്ങൾ, വെല്ലുവിളികൾ, സംശയത്തിൻ്റെ നിമിഷങ്ങൾ, മറ്റുള്ളവരുടെ സമ്മർദ്ദം, നമ്മുടെ സ്വഭാവത്തേയും വിശ്വാസത്തേയും പരിക്ഷിക്കുന്ന സാഹചര്യങ്ങൾ, അനുഭവങ്ങൾ; ചിലപ്പോൾ, നമ്മൾ മാത്രമാണ് ഇങ്ങനെ ബുദ്ധിമുട്ടുന്നതെന്ന് കരുതിയേക്കാം. "എനിക്ക് മാത്രം എന്താ ഇങ്ങനെ ".., "എനിക്ക് മാത്രം എന്താ ഒന്നും ശരിയാകാതെ ?.. ഇങ്ങനെ പല ചോദ്യങ്ങളും വായിക്കുന്ന പലരുടേയും മനസ്സിൽ ഒരിക്കലെങ്കിലും തോന്നിയിട്ടുണ്ടാവാം.
വേദപുസ്‌തകത്തിൽ, പൊലൊസിൻ്റെ ബലഹീനത മാറുവാൻ മൂന്നുവട്ടം കർത്താവിനോട് പ്രാർത്ഥിച്ചതായിട്ട് നാം കാണുന്നു. 2കൊരിന്ത്യർ.12:8,9- വാക്യങ്ങളിൽ "എൻ്റെ കൃപ നിനക്ക് മതി" : എൻ്റെ ശക്തി ബലഹീനതയിൽ തികഞ്ഞുവരുന്നു എന്ന് അവിടുന്ന് പറഞ്ഞു.
നമുക്ക് വരുന്ന പല പരീക്ഷകളും, ബുദ്ധിമുട്ടുകളും, നമ്മളെക്കൊണ്ട് കൈകാര്യം ചെയ്യാൻ കഴിയില്ല എന്നും തോന്നാം..
പക്ഷേ, ഇതിലൂടെ ദൈവം നമ്മളെ ഒരു കാര്യം ഓർമപ്പെടുത്തുന്നു ; നമ്മൾ ഒരിക്കലും ഒറ്റയ്ക്കല്ല നേരിടുന്നത്, കർത്താവ് നമ്മോട് കൂടെയുണ്ട്. ഒരു മനുഷ്യന് സഹിക്കാവുന്നതിലും അപ്പുറമായി ദൈവം, ആർക്കും ഒരു പരീക്ഷയും കൊടുക്കുകയില്ല.നമുക്ക് സഹിക്കുവാൻ കഴിയുന്നത് മാത്രമേ ദൈവം തരികയുള്ളൂ.
നമുക്ക് മാത്രമേ പരീക്ഷകൾ ഉള്ളൂ എന്ന് വിചാരിക്കരുത്. എല്ലാവർക്കും ജീവിതത്തിൽ പരീക്ഷകൾ കൊടുക്കും. പക്ഷേ അതിന്റെ തീവ്രത ഓരോരുത്തർക്കും വ്യത്യസ്തമായിരിക്കും.ഓരോരുത്തരും കടന്ന് പോകുന്ന അവസ്ഥകൾ അവരവർക്ക്,
മാത്രമേ അറിയൂ. ആരും ഇത്തരം കാര്യങ്ങൾ പങ്കുവെയ്ക്കില്ല.നാം നോക്കുമ്പോൾ നമുക്ക്മാത്രമാണ് ഇങ്ങനെ എന്ന് കരുതും. പക്ഷേ ഇത് എല്ലാവരുടെയും ജീവിതത്തിൽ ഉള്ളതാണ്. കൈകാര്യം ചെയ്യുന്ന രീതി വ്യത്യസ്തമാണ്.കൈകാര്യം ചെയ്യാൻ കഴിയാത്തവരാണ് ജീവനൊടുക്കിയും, പ്രശ്നങ്ങളുണ്ടാക്കിയും തോറ്റു പോവുന്നത്.
കുടുംബ പ്രശ്നങ്ങളാവാം, സഭാ പ്രശ്നങ്ങളാവാം, ജീവിതപ്രശ്നങ്ങളാവാം, ദാമ്പത്യപ്രശ്നങ്ങളാവാം, സാമ്പത്തിക പ്രശ്നങ്ങളാവാം, ജോലി പ്രശ്നങ്ങളാവാം, പഠനപരമായ പ്രശ്നങ്ങളാവാം..അങ്ങനെ ജീവിതത്തിന്റെ ഏതെങ്കിലുമൊരു ഘട്ടങ്ങളിൽ എന്തെങ്കിലും വെല്ലുവിളികളോ, പരീക്ഷണങ്ങളോ നേരിടേണ്ടി വന്നിരിക്കും.പരീക്ഷയിലൂടെ ദൈവം നമ്മെ കടത്തിവിടും. എന്നാൽ ദൈവം നമ്മോട്
പറയുന്നത് ;പരീക്ഷ സഹിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ,1 കൊരി: 10:13 ൽ;"മനുഷ്യർക്ക് നടപ്പല്ലാത്ത പരീക്ഷ നേരിടില്ല: ദൈവം വിശ്വസ്തൻ; നിങ്ങൾക്ക് കഴിയുന്നതിനും മീതെ പരീക്ഷ നേരിടുവാൻ സമ്മതിക്കാതെ നിങ്ങൾക്ക് സഹിപ്പാൻ കഴിയേണ്ടതിന് പരീക്ഷയോടുകൂടെ അവൻ പോക്കുവഴിയും ഉണ്ടാക്കും".
. പരീക്ഷ സഹിക്കുവാൻ ദൈവം നമുക്ക് ഒരു കൃപ തരും. ചിലപ്പോൾ നമ്മൾ ഏറെക്കാലം പരീക്ഷയിൽ ആയിരിക്കും. നമ്മുടെ ക്ഷമ നശിക്കാം. പ്രാർത്ഥിച്ചിട്ടും ശരിയാവാതെ വരുമ്പോൾ, പ്രാർത്ഥന നിർത്തിയേക്കാം. ചിലപ്പോൾ വിശ്വാസം കുറയാം. പക്ഷേ ദൈവം നമ്മോട് കൂടെയുണ്ട്. നമ്മൾ അനുഭവിക്കുന്നതെല്ലാം കർത്താവ് അറിഞ്ഞ് കൊണ്ട് മാത്രമാണെന്ന് നാം ഓർക്കണം. അതിൻ്റെ അവസാനം വലിയൊരു സന്തോഷമാണെന്നും ഓർക്കുക .
ജീവിതം എല്ലായ്പ്പോഴും എളുപ്പമല്ല. പരീക്ഷണങ്ങൾ കൊടുങ്കാറ്റുകൾ പോലെയാണ് വരുന്നത്. അപ്രതീക്ഷവും,വേദനാജനകവും, ചിലപ്പോൾ അതിശക്തവുമാണ്.
യാക്കോബ് : 1: 2-4-ൽ നാം ഇങ്ങനെ വായിക്കുന്നു : " എൻ്റെ സഹോദരന്മാരെ, നിങ്ങൾ വിവിധ പരിക്ഷകളിൽ അകപ്പെടുമ്പോൾ നിങ്ങളുടെ വിശ്വാസത്തിൻ്റെ പരിശോധന സ്‌ഥിരത ഉളവാക്കുന്നു എന്നറിഞ്ഞു അത് അശേഷം സന്തോഷമെന്ന് എണ്ണുവിൻ.
ദൈവവചനം നമ്മോട് പറയുന്നത് ഈ നിമിഷങ്ങളെ പോലും സന്തോഷമായി കന്നക്കാക്കണമെന്നാണ്.എന്ത് കൊണ്ട് ? കാരണം ; പരീക്ഷണങ്ങൾ നമ്മെ തകർക്കാനല്ല, മറിച്ച് നമ്മെ കെട്ടിപ്പടുക്കാനാണ്. അവ നമ്മുടെ വിശ്വാസത്തെ പരിഷ്‌കരിക്കുകയും, നമ്മുടെ സ്വഭാവത്തെ ശക്തിപ്പെടുത്തുകയും, ദൈവത്തെ കൂടുതൽ ആഴത്തിൽ വിശ്വസിക്കാൻ നമ്മെ പഠിപ്പിക്കുകയും ചെയ്യുന്നു.
കഷ്‌ടപ്പാടുകൾ സഹിക്കുക മാത്രമല്ല ; അതിലൂടെവളരുകയുമാണ്. ഓരോ കണ്ണുനീരും ഓരോ പോരാട്ടവും ഉത്തരം ലഭിക്കാത്ത ഓരോ ചോദ്യവും നമ്മെ സൃഷ്ടിച്ച ആളുകളാക്കി രൂപപ്പെടുത്തുന്നു. പക്വതയുള്ളവരും, ശക്തരും
ആത്‌മീയമായി പൂർണ്ണരുമായവർ.
അതിനാൽ തളരരുത്, പിടിച്ചു നിൽക്കുക. പോരാട്ടത്തിൻ്റെ അഭാവത്തിലല്ല, പോരാട്ടത്തിലൂടെ ദൈവത്തിൻ്റെ സാന്നിധ്യത്തിലാണ് സന്തോഷം. നിങ്ങളുടെ വേദനയ്‌ക്ക് ഒരുലക്ഷ്യമുണ്ട് .സ്‌ഥിരോത്‌സാഹം അതിൻ്റെ പ്രവൃത്തി പൂർത്തിയാക്കട്ടെ.
ഓരോ ഘട്ടത്തിലും ദൈവം നിങ്ങളൊടൊപ്പമുണ്ട്. വിശ്വസിക്കുക, സഹിക്കുക, പ്രാർത്ഥിക്കുക. എല്ലാം നന്മക്കായ് മാത്രം. പരീക്ഷണങ്ങളിലൂടെ നിങ്ങളുടെ നീക്കുപോക്കുകൾ ഉണ്ടാവുന്നു.
ദൈവനാമം മഹത്വപ്പെടു മാറാകട്ടെ !!
Writer ✍️ ✍️ ✍️ ✍️ - Sis Chrstina shaji, Dubai
Editor- Sis Seeja Sudheesh
Mission Sagacity Volunteers
Comments