Missionary V NAGAL
ക്രിസ്തു ഗോളത്തിന് അനുഗ്രഹിക്കപ്പെട്ട ഗാനങ്ങൾ സംഭാവന ചെയ്തിട്ടുള്ള അനുഗ്രഹീത ദൈവദാസൻ വി. നാഗലിന്റെ ജീവിതത്തിലെ ഒരു അനുഭവം.
ലോക മലയാളികൾക്ക് ഒന്നടങ്കം സുപരിചിതമായ ഗാനമാണ് 'സമയമാം രഥത്തിൽ '.
ഈ ഗാനത്തിന്റെ ശില്പി മറ്റാരുമല്ല, ജർമനിയിൽ നിന്നും നമ്മുടെ നാട്ടിലേക്ക് സുവിശേഷവുമായി കടന്നുവന്ന ബഹുമാന്യനായ വി.നാഗൽ തന്നെയാണ്. അനേകരെ രക്ഷയിലേക്ക് നയിച്ച ഈ ദൈവദാസന്റെ ജീവിതത്തിലെ രക്ഷയുടെ അനുഭവം നമുക്ക് ഒന്ന് വായിച്ചാലോ...
1867 നവംബർ മൂന്നിന് ജർമ്മനിയിൽ ഹെസ്സൻ എന്ന നഗരത്തിലെ സ്‌റ്റാഹിം എന്ന ഗ്രാമത്തിൽ ഹെൻട്രി പീറ്ററുടെയും എലിസബത്ത് മേരിയുടെയും രണ്ടാമത്തെ മകനായാണ് വി. നാഗൽ ജനിച്ചത്. അദ്ദേഹത്തിന്റെ മാതാപിതാക്കൾ നെയ്ത്തുകാരായിരുന്നു എന്നാണ് ചരിത്രത്തിൽ നിന്നും ലഭിക്കുന്ന സൂചന. ഒരുപാട് പ്രത്യേകതകൾ ഒന്നും തന്നെ ഇല്ലായിരുന്ന, സാധാരണമായ ഒരു ബാല്യകാലം ആയിരുന്നു നാഗലിന്റെത്.
എന്നാൽ തന്റെ എട്ടാമത്തെ വയസ്സിൽ മാതാപിതാക്കൾ രണ്ടുപേരും മരണപ്പെടുകയും താൻ അനാഥനായി തീരുകയും ചെയ്തു. അനാഥനായ ആ ബാലനെ ഒരു കുടുംബം ദത്തെടുത്തു. ഈ കുടുംബം ലൂദറൻ സഭ അംഗങ്ങൾ ആയിരുന്നു. അവർ അവനെ സഭായോഗങ്ങൾക്ക് മുടങ്ങാതെ പങ്കെടുക്കുവാൻ പരിശീലിപ്പിച്ചു. സ്നേഹവും സഹാനുഭൂതിയും സഹായമനസ്ഥിതിയും ഉള്ള ഒരു വ്യക്തിയായി അവൻ വളർന്നു.
1885ൽ ഹെസൻ നഗരത്തിലേക്ക് കടന്നുവന്ന ഒരു സഞ്ചാര സുവിശേഷകന് കണ്ടുമുട്ടിയതാണ് നാഗൽ എന്ന ചെറുപ്പക്കാരന്റെ ജീവിതത്തെ മാറ്റിമറിച്ചത്. നാഗിലിന് 18 വയസ്സുള്ളപ്പോൾ ആണ് ഒരു സഞ്ചാര സുവിശേഷകൻ ആ നഗരത്തിലേക്ക് എത്തിയത്. അദ്ദേഹം ആരാണെന്നോ, എവിടുത്തെക്കാരനാണെന്നോ ആർക്കും ഇതുവരെയും ഒരു ഊഹം പോലുമില്ല. അദ്ദേഹം ഒരു ചെരുപ്പ് കുത്തി ആയിരുന്നു എന്ന് പറയപ്പെടുന്നു. അതുവരെയും രക്ഷയുടെ അനുഭവത്തിലേക്ക് കടന്നു വന്നിട്ടില്ലാത്ത നാഗൽ എന്ന ചെറുപ്പക്കാരനെ, ഇദ്ദേഹത്തിന്റെ വാക്കുകൾ സ്വാധീനിക്കുവാൻ തുടങ്ങി. പള്ളിയിൽ സ്ഥിരമായി പോവുകയും വളരെ നല്ല മാതൃകയുള്ള ജീവിതം നയിക്കുകയും ചെയ്തിരുന്നിട്ടും തന്റെ പാപങ്ങൾക്ക് പരിഹാരം വന്നിട്ടില്ല എന്ന് മനസ്സിലായ ആ ചെറുപ്പക്കാരൻ കർത്താവായ യേശുക്രിസ്തുവിലൂടെയുള്ള രക്ഷ പ്രാപിക്കുവാനും പാപമോചനം വന്നവനായി തീരുവാനും ആ സാധു സുവിശേഷകൻ മൂലം ഇടയായി തീർന്നു. അന്ന് മുതലാണ് നാഗൽ എന്ന വ്യക്തിയുടെ ജീവിതത്തിൽ യേശുവിന് സ്ഥാനം ഉണ്ടായിത്തുടങ്ങിയത്. യേശുക്രിസ്തുവിന്റെ രക്തത്തിലൂടെ പാപങ്ങൾ കഴുകി ശുദ്ധീകരിക്കപ്പെടുന്ന അനുഭവം തനിക്കുണ്ടായി . പിന്നീട് നാഗൽ തന്നെ ഈ അനുഭവത്തെ ഇങ്ങനെ രേഖപ്പെടുത്തി.
"വൻ ക്രിയ എന്നിൽ നടന്നു കർത്തൻ എന്റെ
ഞാൻ അവന്റെ
താൻ വിളിച്ചു ഞാൻ പിൻചെന്നു
സ്വീകരിച്ചു തൻ ശബ്ദത്തെ
ഭാഗ്യ നാൾ... ഭാഗ്യനാൾ...
യേശു എൻ പാപം തീർത്തനാൾ "
ഈ ചെരുപ്പ് കുത്തിയായ സാധു മനുഷ്യൻ തനിക്ക് എവിടെയൊക്കെ പോകാമോ അവിടെയെല്ലാം ചെന്ന് ആരോടൊക്കെ സുവിശേഷം പറയാമോ ആ അവസരങ്ങൾ എല്ലാം വിനിയോഗിച്ച് കർത്താവിന്റെ സുവിശേഷം അറിയിച്ചു. അതിന്റെ ഫലമായി ഏറെ വർഷങ്ങൾക്ക് ശേഷം വി.നാഗൽ എന്ന ദൈവദാസൻ ഭാരതത്തിന്റെ മണ്ണിലേക്ക് സുവിശേഷവുമായി കടന്നുവരുവാനും അനേകരെ രക്ഷയിലേക്ക് നയിക്കുന്നതിന് കാരണക്കാരനാകുവാനും ഇടയായിത്തീർന്നു. ഈ കാര്യം ഓർക്കുമ്പോൾ നമുക്ക് നന്ദിയോടെ ദൈവത്തിന് സ്തുതി ചെയ്യാം.
WRITTEN BY:::Sis Jancy Rojan varghese
Edited by ::::Sis Acsah Nelson
Mission sagacity Volunteers
Comments