ചെത്തൽ എന്തിന് ?
- roshin rajan
- May 19, 2023
- 1 min read
John 15:2 (“എന്നിൽ കായ്ക്കാത്ത കൊമ്പു ഒക്കെയും അവൻ നീക്കിക്കളയുന്നു; കായ്ക്കുന്നതു ഒക്കെയും അധികം ഫലം കായ്ക്കേണ്ടതിന്നു ചെത്തി വെടിപ്പാക്കുന്നു.”)
നമ്മെ "ചെത്തുവാൻ "ഏൽപ്പിച്ചു കൊടുത്തിട്ടുണ്ടോ?
പ്രിയമുള്ളവരേ ! നമുക്കറിയാം "ചെത്തൽ " എന്നുള്ളത് വേദന ഉളവാക്കുന്നതാണ്. ഒരു കൊമ്പിനെ ചെത്തുമ്പോൾ നിശ്ചയമായും ആ വൃക്ഷത്തിന് വേദന ഉണ്ടാകും. ചെത്തൽ മറ്റൊരു അർത്ഥത്തിൽ പറഞ്ഞാൽ ഒരു മുറിവാണ്. മുറിവുണ്ടാകുമ്പോൾ നമുക്ക് വേദന ഉണ്ടാകും, രക്തം നഷ്‌ടപ്പെടും അങ്ങനെ പലതും. ഇങ്ങനെയുള്ള ഈ ചെത്തലിനെ നമ്മുടെ ജീവിതവുമായി ഒന്ന് ബന്ധപ്പെടുത്തിയാൽ, ഇങ്ങനെയുള്ള ചില വേദനകളും, നഷ്‌ടപെടലുകളും നമ്മുടെ ജീവിതത്തിൽ ഉണ്ടായിട്ടില്ലേ! അത് ഒരിക്കലും നമ്മുടെ തിന്മയ്ക്കല്ല. കാരണം ഒരു കൃഷിക്കാരൻ അല്ലെങ്കിൽ തോട്ടക്കാരൻ താൻ നട്ടിരിക്കുന്ന ആ വൃക്ഷം എന്ന് കായ്ക്കും എന്ന് ഉറ്റു നോക്കിയിരിക്കുന്ന ഒരാളാണ്. എങ്കിൽ വചനത്തിൽ പറയുന്നു "കായ്ക്കാത്തതിനെ ഒക്കെയും അവൻ നീക്കി കളയുന്നു". എന്നാൽ കായ്ക്കുന്നതിനെ ആണ് താൻ ചെത്തുന്നത്, കാരണം അത് അധിക ഫലം കായ്‌ക്കേണ്ടതിനു തന്നെ. അങ്ങനെയെങ്കിൽ നമ്മുടെ ജീവിതത്തിലും ദൈവം ചില 'ചെത്തലുകൾ'അഥവാ ചില വേദനയുടെ അനുഭവങ്ങൾ അനുവദിക്കുന്നത്,നാം കൃഷിക്കാരൻ ആഗ്രഹിക്കുന്ന രീതിയിലുള്ള അധിക ഫലം കയ്‌ക്കേണ്ടതിനാണ്. ഒന്നു കൂടി ആഴമായി ചിന്തിച്ചാൽ, നാം കായ്ക്കുന്നവരാണ് എന്ന ഉത്തമ ബോധ്യം ആ തോട്ടക്കാരന് ഉണ്ട്. അതിനാലാണ് നമ്മെ 'ചെത്തുന്നത്'. മാത്രമല്ല കായ്ക്കാത്തതിനെ നീക്കിക്കളയുകയാണ് അല്ലെങ്കിൽ നശിപ്പിച്ചു കളയുകയാണ് ചെയ്യുന്നത്. ഇത്തരത്തിൽ ദൈവം നമ്മെ നീക്കിക്കളയാതെ ചില പ്രയാസങ്ങൾ, ചില ദുഃഖങ്ങൾ നമ്മുടെ ജീവിതത്തിൽ അനുവദിക്കുമ്പോൾ നാം മുഷിഞ്ഞു പോകാതെ, ദൈവമേ " ഞാൻ ഫലം കായ്ക്കുന്നതാണ് എന്ന ഉറപ്പ് എന്നിൽ അവിടുത്തേക്ക് ഉള്ളതിനായി നന്ദി പറയുന്നു". എന്ന് പറഞ്ഞു ദൈവത്തെ സ്തുതിച്ചു കൊണ്ട്, കഷ്ടതയിലും പാടുവാൻ ദൈവം നമുക്ക് കൃപ തരട്ടെ! ഇങ്ങനെയുള്ള "ചെത്തലുകൾ" മുഖാന്തിരമായി നാം ദൈവത്തിന് അധിക ഫലം കായ്ക്കുന്നവരായി തീരുവാൻ ദൈവം അധികമായി നമ്മെ സഹായിക്കട്ടെ! ഈ ചിന്ത ആഴമായി നിങ്ങളുടെ ഹൃദയങ്ങളിൽ ക്രിയ ചെയ്യുവാൻ വരും ദിവസങ്ങളിൽ ദൈവം ഇടയാക്കട്ടെ!
ദൈവ നാമം മഹത്വപ്പെടുമാറാകട്ടെ ! ആമേൻ !
Author ✍️ Sis.Reny Saji
Comments